
പ്രതിരോധനിര തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന തലവേദന. അത്യാവശ്യം മികവ് പ്രതിരോധനിര കാഴ്ച്ച വെയ്ക്കുന്നുണ്ടെകിലും പ്ലേ ഓഫിലേക്ക് യോഗ്യത നേടിയാൽ ഈ പ്രകടനം മതിയാവില്ല. പ്രതിരോധ നിരയിലെ കരുത്തരായ ലെസ്‌കോവിച്ചിനും സന്ദീപ് സിങ്ങിനുമേറ്റ പരിക്ക് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയ്ക്ക് മങ്ങലേൽപ്പിച്ചത്.
ഐഎസ്എൽ ഒമ്പതാം സീസണിൽ പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് കുതിക്കുകയാണ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സ്‌ഥാനം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. നിലവിൽ 17 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 31 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാമന്മാരാണ്. സീസണിൽ കുതിപ്പ് നടത്തുന്നുണ്ടെങ്കിലും ചില മേഖലകളിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ആരാധകരെ തൃപ്തരാക്കുന്നില്ല.
എന്നാൽ പ്രതിരോധനിരയ്ക്ക് ആവേശം നൽകുന്ന വാർത്തയാണ് ഇവാൻ ആശാൻ പങ്ക് വെച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ക്രൊയേഷ്യൻ വന്മതിൽ മാർക്കോ ലെസ്കോവിച്ച് പൂർണ ഫിറ്റ് ആണെന്ന സന്തോഷ വാർത്ത തന്നെയാണ് ആശാൻ അറിയിച്ചത്.
കൂടാതെ പനി കാരണം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഓസീസ്- ഗ്രീക്ക് സ്‌ട്രൈക്കർ അപൊസ്തൊലസ് ജിയാനുവും പരിശീലനം പുനരാരംഭിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കി. പ്രതിരോധത്തിൽ ലെസ്‌കോവിച്ചും മുന്നേറ്റ നിരയിൽ ജിയാനുവും അടുത്ത മത്സരത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷ തന്നെയാണ് ആശാന്റെ വാക്കുകളിൽ നിന്നും ആരാധകർക്ക് ലഭിക്കുന്നത്.
“അപൊസ്തൊലസ് സുഖം പ്രാപിച്ചു. ഇന്നലെ അദ്ദേഹം ടീമിനൊപ്പം പരിശീലനം നടത്തി. ഇനി കൂടുതൽ കേസുകൾ (പനി) ഉണ്ടാകില്ലെന്ന് ഞങ്ങൾ കരുതുന്നു.കൂടാതെ ലെസ്കോവിച്ച് ഫിറ്റാണ്. അദ്ദേഹവും പരിശീലനം ആരംഭിച്ചിട്ടുണ്ട്. വൈദ്യസംഘത്തോടൊപ്പം അദ്ദേഹം കൂടുതൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇവാൻ ആശാൻ വ്യകത്മാക്കി.